13/05/2026
കണ്ണീരോർമ്മയിൽ...
ആ മലമുകളിലെ ചിരികൾ മായുന്നില്ല
ഹൃദയം നുറുങ്ങുന്ന വേദനയോടെയല്ലാതെ ഈ വിയോഗത്തെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയുന്നില്ല. ഇന്നലെ വരെ നമുക്കിടയിൽ പാറിനടന്ന, കളിയും ചിരിയുമായി മങ്കട വെള്ളിലയുടെ മണ്ണിൽ നിറഞ്ഞുനിന്ന ആ നാല് കൗമാരങ്ങൾ... വിധി ഇടിമിന്നലിന്റെ രൂപത്തിൽ അവരെ ഇത്രവേഗം തട്ടിയെടുക്കുമെന്ന് ആരും കരുതിയിരുന്നില്ല.
മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം, SYS സാന്ത്വനം മുട്ടിപ്പാലം പള്ളിയിലെ ആ അവസാന നിമിഷങ്ങൾക്ക് സാക്ഷിയാകുമ്പോൾ പ്രാർത്ഥനകൾ മാത്രമായിരുന്നു മനസ്സിൽ. പള്ളിയിലെ ആ മയ്യത്ത് നിസ്കാരത്തിൽ പങ്കുചേരുമ്പോൾ കണ്ട കാഴ്ചകൾ ആരുടെയും കണ്ണ് നനയിക്കുന്നതായിരുന്നു.
അവർ ഒരുമിച്ചു കൂടിയിരുന്ന ആ മലമുകളിൽ ഇനിയൊരിക്കലും അവരുടെ സൗഹൃദ സംഭാഷണങ്ങൾ കേൾക്കില്ല. ആ പ്രായത്തിന്റെ നിഷ്കളങ്കതയിൽ അവർ പങ്കുവെച്ച സ്വപ്നങ്ങളും, കളിയാക്കലുകളും, തമാശകളും ഇന്നും ആ കുന്നിൻപുറങ്ങളിൽ തങ്ങിനിൽക്കുന്നുണ്ടാവാം. കൂട്ടുകാരോടൊപ്പമുള്ള ആ അവസാന നിമിഷങ്ങൾ ഒരു വിടവാങ്ങലായിരുന്നുവെന്ന് ആർക്കും മനസ്സിലായില്ല.
ഈ മരണം നമ്മെയെല്ലാം ഒരു കാര്യം ഓർമ്മിപ്പിക്കുന്നു—ജീവിതം എത്ര നിസ്സാരമാണ് ! ഇന്ന് കൂടെയുള്ളവർ നാളെ ഉണ്ടാവണമെന്നില്ല. ആ യുവാക്കളുടെ വേർപാട് അവരുടെ കുടുംബങ്ങൾക്കും കൂട്ടുകാർക്കും നൽകുന്ന വേദന പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. അവരുടെ ഈ വിയോഗം നമ്മെ കൂടുതൽ ചിന്തിപ്പിക്കട്ടെ.
തെറ്റുകളിൽ നിന്ന് അകന്ന്, നന്മയുള്ള ചിന്തകളുമായി, പരസ്പരം സ്നേഹിച്ചും സഹായിച്ചും ജീവിക്കാൻ നമുക്ക് സാധിക്കണം.
നാഥാ... പ്രിയപ്പെട്ട ആ യുവാക്കളുടെ പാപങ്ങൾ പൊറുത്തു കൊടുക്കേണമേ. അവരുടെ ഖബറിടം വെളിച്ചമുള്ളതാക്കേണമേ. ആ കുടുംബങ്ങളുടെയും ഉറ്റവരുടെയും സഹിക്കാനാവാത്ത വേദനയിൽ അവർക്ക് ആശ്വാസം നൽകേണമേ.
നമ്മുടെ പ്രാർത്ഥനകളിൽ ആ പ്രിയ സഹോദരങ്ങളെയും ഉൾപ്പെടുത്തുക. ഇനി ഒരു മലമുകളിലും ഇങ്ങനെയൊരു സങ്കടം ഉണ്ടാവാതിരിക്കട്ടെ......