INspiro

INspiro A Creative Venture for Dynamic People

മലയണ്ണാന്‍അണ്ണാന്‍ വര്‍ഗത്തിലെ ഏറ്റവും വലിപ്പമുള്ള ജീവിയാണ് മലയണ്ണാന്‍. മൂന്നടിയോളം നീളമുള്ള ഇവയുടെ ശരീരത്തിന്റെ ഒന്നരയട...
10/06/2024

മലയണ്ണാന്‍

അണ്ണാന്‍ വര്‍ഗത്തിലെ ഏറ്റവും വലിപ്പമുള്ള ജീവിയാണ് മലയണ്ണാന്‍. മൂന്നടിയോളം നീളമുള്ള ഇവയുടെ ശരീരത്തിന്റെ ഒന്നരയടിയോളം രോമാവൃതമായ വാലാണ്. റാറ്റുഫ ഇന്‍ഡിക എന്നതാണ് ഇവയുടെ ശാസ്ത്രീയനാമം. ഇന്ത്യയില്‍ വ്യാപകമായി കണ്ടുവരുന്ന മലയണ്ണാന്‍ കേരളത്തില്‍ പശ്ചിമഘട്ട മലനിരകളില്‍ ധാരാളമായുണ്ട്.
പശ്ചിമഘട്ടത്തില്‍ കണ്ടുവരുന്ന ഇവയുടെ ശരീരത്തിന് ഇളം ചുവപ്പ് നിറവും വാലിന് കറുപ്പ് നിറവുമാണുള്ളത്. രണ്ട് കിലോഗ്രാം ഭാരമാണ് ഏകദേശമുണ്ടാവുക. പഴങ്ങളും, പൂക്കളും, ഇലകളുമാണ് ഇവയുടെ ഭക്ഷണം. എപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്ന പല്ലുകള്‍ ഇവയുടെ സവിശേഷതയാണ്. മഹാരാഷ്ട്രയുടെ സംസ്ഥാനമൃഗമാണ് ഇവ. ആവാസവ്യവസ്ഥയിലെ തകരാറുമൂലം വംശനാശഭീഷണി നേരിടുന്ന ഇവയെ ഐ. യു. സി. എന്‍ റെഡ് ഡേറ്റാ ബുക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഇരുപത് വര്‍ഷം വരെയാണ് ഇവയുടെ ശരാശരി ആയുസ്സ്. 29 മുതല്‍ 35 ദിവസം വരെയാണ് ഗര്‍ഭകാലം. ഒരു പ്രസവത്തില്‍ രണ്ട് കുഞ്ഞുങ്ങള്‍ വരെയാണ് ഉണ്ടാവുക. അതിരാവിലെയും സൂര്യാസ്തമയത്തിനു തൊട്ടുമുന്‍പുമാണ് ആഹാരം തേടി ഇക്കൂട്ടര്‍ പുറത്തിറങ്ങുന്നത്. ലോകത്തിലെ തന്നെ അണ്ണാന്‍ വര്‍ഗത്തിലെ ഏറ്റവും ശാരീരിക സൗന്ദര്യമുള്ളവരാണ് ഇന്ത്യന്‍ മലയണ്ണാന്‍.

തേനീച്ചഇത്രയേറെ വൈദ്യശാസ്ത്ര പ്രാധാന്യമുള്ള വിഭവം പ്രകൃതിയില്‍ മറ്റൊന്നില്ല എന്നു തന്നെ പറയാം. തേന്‍ ആണ് ആ വിഭവം. പൂക്കള...
10/06/2024

തേനീച്ച

ഇത്രയേറെ വൈദ്യശാസ്ത്ര പ്രാധാന്യമുള്ള വിഭവം പ്രകൃതിയില്‍ മറ്റൊന്നില്ല എന്നു തന്നെ പറയാം. തേന്‍ ആണ് ആ വിഭവം. പൂക്കളില്‍ മധു നുകര്‍ന്ന് അത് തേനായി രൂപപ്പെടുത്തിയെടുക്കുന്നവരാണ് തേനീച്ചകള്‍. കോളനികള്‍ സ്ഥാപിച്ച് സാമൂഹിക ജീവിതം നയിക്കുന്ന ഇവരുടെ കൂട്ടിലെ നേതാവ് റാണി തേനീച്ചയാണ്. ഇന്ന് തേനിനായി വ്യാപകമായി തേനീച്ചകളെ വളര്‍ത്തിവരുന്നു. തേനീച്ച വളര്‍ത്തല്‍ എപ്പികള്‍ച്ചര്‍ എന്നറിയപ്പെടുന്നു.
ദിവസേന എട്ട് കിലോമീറ്റര്‍ വരെയാണ് തേന്‍ ശേഖരിക്കുവാനായി ഒരു തേനീച്ച യാത്രചെയ്യുക. തേനീച്ചകള്‍ ഉല്‍പാദിപ്പിക്കുന്ന ഗുണപ്രദമായ മറ്റൊരു പദാര്‍ത്ഥമാണ് റോയല്‍ ജെല്ലി. മനുഷ്യരുടെ ആരോഗ്യത്തിന് ഗുണകരമായ ഇവയില്‍ ജീവകങ്ങള്‍, ധാതുക്കള്‍, കൊഴുപ്പുകള്‍, നിരവധി മൂലകങ്ങള്‍ എന്നിവ അടങ്ങിയിരിക്കുന്നു.
ഒരു തേനീച്ച കോളനിയില്‍ ആയിരക്കണക്കിന് തേനീച്ചകളുണ്ടായിരിക്കും. റാണി, വേലക്കാരി, ആണ്‍തുമ്പി എന്നിങ്ങനെ മൂന്ന് തരം തേനീച്ചകളാണുണ്ടാകുക. റാണിതേനീച്ചയുടെ ആയുസ്സ് ശരാശരി മൂന്ന് വര്‍ഷമാണ്. നിരവധി ചെറിയ നേത്രങ്ങള്‍ ചേര്‍ന്ന സംയുക്തനേത്രമാണ് തേനീച്ചകള്‍ക്കുള്ളത്. വലിപ്പം കുറഞ്ഞ ഇനം തേനീച്ചകളായ ചെറുതേനീച്ചയുടെ തേനിനാണ് ഔഷധ ഗുണം കൂടുതല്‍.
സസ്യങ്ങളുടെ പരാഗണത്തില്‍ തേനീച്ചകള്‍ വളരെയധികം സഹായിക്കാറുണ്ട്. തേനീച്ചക്കൂട്ടിലെ ആണ്‍ തേനീച്ചകള്‍ അലസന്മാരാണ്. റാണിയുമായി ഇണചേരലാണ് പ്രധാന ജോലി. പകുതി ക്രോമസോം മാത്രമുള്ള ഉള്ള ഇവരുടെ ആയുസ്സും കുറവാണ്. ചെറുതേനീച്ച, വന്‍തേനീച്ച, കോല്‍തേനീച്ച എന്നിവയാണ് പ്രധാനപ്പെട്ട ഇനങ്ങള്‍.

കാക്കമനുഷ്യസാമീപ്യമുള്ളയിടങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന പക്ഷിയാണ് കാക്ക. അതിബുദ്ധിശാലിയായ കാക്കകള്‍ ഉള്‍പ്പെടുന്ന കുടു...
10/06/2024

കാക്ക

മനുഷ്യസാമീപ്യമുള്ളയിടങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന പക്ഷിയാണ് കാക്ക. അതിബുദ്ധിശാലിയായ കാക്കകള്‍ ഉള്‍പ്പെടുന്ന കുടുംബമാണ് കോര്‍വിഡേ. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന ഇവര്‍ മനുഷ്യനുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ജീവി കൂടിയാണ്. മതവിശ്വാസങ്ങളില്‍ ഇവര്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. ബലിക്കാക്കയെ പരേതാത്മാക്കളുടെ രൂപമായാണ് ഹിന്ദു വിശ്വാസികള്‍ കരുതുന്നത്.
കേരളത്തില്‍ കണ്ടു വരുന്ന രണ്ടിനം കാക്കകളാണ് ബലിക്കാക്കയും പേനക്കാക്കയും. തലയും കഴുത്തും ചാരനിറത്തില്‍ ഉള്ളവരാണ് പേനക്കാക്കകള്‍. ബലിക്കാക്കയെക്കാള്‍ ചെറിയ ശരീരമുള്ള ഇവയെ ഹൗസ് ക്രോ എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്നു. വീട്ടുവളപ്പില്‍ അധികമായി കാണപ്പെടുന്നവര്‍ ഇക്കൂട്ടരാണ്. കടുത്ത കറുപ്പ് നിറത്തില്‍ കാണപ്പെടുന്ന ബലിക്കാക്കകള്‍ പേനക്കാക്കയെക്കാള്‍ വലുതാണ്. ബലിച്ചടങ്ങുകളില്‍ ബലിച്ചോര്‍ കഴിക്കാനെത്തുന്നതിനാലാകണം ഇവയ്ക്ക് ബലിക്കാക്ക എന്ന പേര് ലഭിച്ചത്. ഇംഗ്ലീഷില്‍ ഇവയെ ജംഗ്ലിള്‍ ക്രോ എന്നറിയപ്പെടുന്നു.
ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് കാക്കകള്‍ മുട്ടയിടുന്നത്. ചുള്ളിക്കമ്പുകളും ചെറുകമ്പുകളും കൊണ്ടാണ് ഇവര്‍ കൂടൊരുക്കുന്നത്. മരങ്ങളില്‍ തന്നെയാകണമെന്നില്ല അനുയോജ്യമായ ഏത് സ്ഥലത്തും കൂടൊരുക്കുക പതിവാണ്. മറ്റ് പക്ഷികളില്‍ നിന്നും വ്യത്യസ്ഥമായി കൂട്ടമായി വന്ന് ആക്രമിക്കുകയാണ് കാക്കകള്‍ പതിവ്. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരുന്നത് വരെ കാക്കകള്‍ ഇണപിരിഞ്ഞാണ് ജീവിക്കുക. കാക്കയുടെ മുട്ടയോട് കുയില്‍ മുട്ടയ്ക്ക് സാമ്യമുള്ളതിനാല്‍ കാക്കള്‍ക്ക് ഇത് തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു. കുയില്‍ കുഞ്ഞുങ്ങളെ തീറ്റ കൊടുത്ത് വളര്‍ത്തുന്ന കാക്കകള്‍ തന്റെ കുഞ്ഞല്ലയെന്ന് തിരിച്ചറിയുമ്പോള്‍ കൊത്തിയോടിക്കുകയാണ് പതിവ്. കാക്കയുടെ ശബ്ദം അനുകരിച്ച് അവയെ വിളിച്ചുവരുത്തുന്നത് കുട്ടികള്‍ക്കു ഹരമാണ്.

അങ്ങാടിക്കുരുവിഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലും ധാരളമായി കണ്ടുവരുന്ന പക്ഷിയാണ് അങ്ങാടിക്കുരുവി. കടത്തിണ്ണകളില്‍ ചുറ്റിക്ക...
10/06/2024

അങ്ങാടിക്കുരുവി

ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലും ധാരളമായി കണ്ടുവരുന്ന പക്ഷിയാണ് അങ്ങാടിക്കുരുവി. കടത്തിണ്ണകളില്‍ ചുറ്റിക്കറങ്ങുന്ന ഇവ മനുഷ്യര്‍ തിങ്ങി നീങ്ങുന്നിടങ്ങളില്‍ നിന്ന് ധാന്യങ്ങള്‍ കൊത്തിപ്പെറുക്കുന്നത് കാണാം. മനുഷ്യരുമായി അടുത്തിടപഴകുന്ന വളരെ ചെറിയ പക്ഷികളാണ് ഇവര്‍. കൂട്ടമായാണ് ഇക്കൂട്ടരെ കാണാന്‍ കഴിയുന്നത്.
റെയില്‍വേ പ്ലാറ്റ്‌ഫോമുകളിലെ മേല്‍ക്കൂരയുടെ അടിവശത്തും, ഇലക്ട്രിക് വയറുകളിലും മറ്റുമാണ് ഇവര്‍ കൂടൊരുക്കുന്നത്. ചാരനിറത്തലുള്ള തലയും മങ്ങിയ തവിട്ട് നിറത്തിലുള്ള വാലും ശരീരവുമാണ് ഇവയ്ക്കുള്ളത്. പ്രതിരോധശക്തി കൂടുതലുള്ള ഇവയെ ലൗവ് ബേര്‍ഡ്‌സിനു പകരമായി കൂടുകളിലടച്ചു വളര്‍ത്തുന്നത്, എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കുന്നതിന് കാരണമായി. ആവശ്യത്തിന് ധാന്യം ലഭിക്കാതെ വരുന്നതും, പലചരക്ക് കടകള്‍ ഇല്ലാതായതും, ലഭ്യമായ ധാന്യങ്ങളിലെ കീടനാശിനി പ്രയോഗവും ഇവയുടെ എണ്ണത്തെക്കുറയ്ക്കുന്ന മറ്റ് പല കാരണങ്ങളാണ്.
നാരായണപ്പക്ഷി, അരിക്കിളി, വീട്ടുകുരുവി, ഇറക്കിളി, അന്നക്കിളി എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. പാസ്സര്‍ ഡൊമസ്റ്റികസ് എന്നതാണ് ഇവയുടെ ശാസ്ത്രീയനാമം. ഒരു തവണ നാലു മുട്ടകളിടുന്ന ഇവയുടെ അടയിരിപ്പുകാലം 15 ദിവസം വരെ നീണ്ടുപോകാറുണ്ട്. ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡെല്‍ഹിയുടെ സംസ്ഥാനപക്ഷി കൂടിയാണ് അങ്ങാടിക്കുരുവി.
അങ്ങാടിക്കുരുവിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഏപ്രില്‍ 20 അങ്ങാടിക്കുരുവി ദിനമായി ആചരിക്കുന്നു. അങ്ങാടിക്കുരുവിയുടെ അപ്രത്യക്ഷമാകല്‍ വരുംകാലത്ത് മനുഷ്യന് നേരിടേണ്ടി വരുന്ന അതിരൂക്ഷമായ പരിസ്ഥിതി മലിനീകരണത്തിന്റെ മുന്നറിയിപ്പ് കൂടിയാണ്.

മയില്‍ഇന്ത്യയുടെ ദേശീയ പക്ഷിയായ മയില്‍ സൗന്ദര്യത്തിന്റെ കാര്യത്തിലും മുന്നില്‍ തന്നെയാണ്. ആരെയും മോഹിപ്പിക്കുന്ന വിടര്‍ന...
10/06/2024

മയില്‍

ഇന്ത്യയുടെ ദേശീയ പക്ഷിയായ മയില്‍ സൗന്ദര്യത്തിന്റെ കാര്യത്തിലും മുന്നില്‍ തന്നെയാണ്. ആരെയും മോഹിപ്പിക്കുന്ന വിടര്‍ന്ന പീലികള്‍ ആണ്‍ മയിലുകളുടെ പ്രത്യേകതയാണ്. പാവോ ക്രിസ്റ്റാറ്റസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ഇവര്‍ കോഴി വര്‍ഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ പീഫൗള്‍ എന്ന് വിളിക്കുന്നതാണ് ശരിയെന്ന് പക്ഷിഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
കേരളം കൂടാതെ രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും മയിലുകള്‍ വ്യാപകമായി കാണപ്പെടുന്നു. ഉയര്‍ന്ന മരങ്ങള്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന വനങ്ങളാണ് മയിലുകളുടെ വാസസ്ഥലം. ആണ്‍ മയിലുകളെ പീക്കോക്ക് എന്നും പെണ്‍മയിലുകളെ പീഹെന്‍ എന്നും അറിയപ്പെടുന്നു. പെണ്‍മയിലുകളെ അപേക്ഷിച്ച് ആണ്‍മയിലുകള്‍ക്ക് തലയില്‍ പൂവും കഴുത്തില്‍ നീലനിറവും ഉണ്ടാവും.
ചെറുപ്രാണികള്‍, സസ്യഭാഗങ്ങള്‍, ഉരഗങ്ങള്‍ തുടങ്ങിയവയെല്ലാം ഇവയുടെ ആഹാരത്തില്‍ ഉള്‍പ്പെടുന്നു. വളരെക്കുറച്ച് ദൂരം മാത്രമെ ഇവര്‍ക്കു പറക്കുവാന്‍ കഴിയൂ. ഒരു മയിലില്‍ നിന്ന് ശരാശരി 200 പീലികള്‍ വരെ ലഭിക്കുന്നു. ഒരാണ്‍മയില്‍ അടങ്ങുന്ന കുടുംബത്തില്‍ നാല് മുതല്‍ അഞ്ച് വരെ പിടകളുണ്ടാവും. ഏഴു മുട്ടകള്‍ വരെ പിടകള്‍ ഇടാറുണ്ട്. മുപ്പത് ദിവസമാണ് മുട്ടകള്‍ വിരിയാനെടുക്കുന്ന കാലയളവ്.
ഇന്ത്യന്‍ മയില്‍, കോംഗോ മയില്‍, പച്ചമയില്‍ എന്നിങ്ങനെ മൂന്ന് വിഭാഗം മയിലുകളാണ് ലോകത്തുള്ളത്. ഇവരുടെ ശരാശരി ആയുസ്സ് 20 വര്‍ഷമാണ്. ഇന്ത്യയില്‍ മയിലുകളെ കൊല്ലുന്നത് വന്യജീവിനിയമപ്രകാരം കുറ്റകരമാണ്. മാംസത്തിനും, മയിലെണ്ണയ്ക്കും, വര്‍ണ്ണാഭമായ പീലികള്‍ക്കും വേണ്ടി മനുഷ്യന്‍ ധാരളമായി മയിലുകളെ വേട്ടയാടുന്നു.

വരയാട്നീലഗിരുകുന്നുകളില്‍ കണ്ടെത്തിയതിനാല്‍ നീലഗിരി താര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. പശ്ചിമഘട്ടത്തില്‍ മാത്രം കണ്ടുവരു...
10/06/2024

വരയാട്

നീലഗിരുകുന്നുകളില്‍ കണ്ടെത്തിയതിനാല്‍ നീലഗിരി താര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. പശ്ചിമഘട്ടത്തില്‍ മാത്രം കണ്ടുവരുന്ന ഇവ തമിഴ്‌നാടിന്റെ സംസ്ഥാന മൃഗം കൂടിയാണ്. സമുദ്രനിരപ്പില്‍ നിന്ന് 8000 അടി ഉയരത്തില്‍ വിഹരിക്കുന്ന വരയാടുകളെ ഇടുക്കി ജില്ലയിലെ ഇരവികുളം ദേശീയോദ്യനത്തില്‍ ധാരളമായി കാണുവാന്‍ കഴിയും. തിരുവനന്തപുരത്തെ പേപ്പാറ വന്യജീവി സങ്കേതത്തിലും, ഗവി, സൈലന്റ് വാലി എന്നിവിടങ്ങളിലും വിരളമായി ഇവ കാണപ്പെടുന്നു.
വരയാടിന്റെ ശരീരഭാഗത്ത് തവിട്ടുകലര്‍ന്ന ചാരനിറവും, വയര്‍ഭാഗത്തിലും കഴുത്തിലും വെള്ള നിറവുമാണുള്ളത്. ചെങ്കുത്തായ മലനിരകളെ അനായാസം കീഴടക്കുവാനുള്ള ശരീരപ്രകൃതി ഇവയ്ക്കുണ്ട്. ആണ്‍-പെണ്‍ മൃഗങ്ങള്‍ക്ക് ചെറിയ പരന്ന കൊമ്പുകള്‍ കാണപ്പെടുന്നു. നാലടിയോളം ഉയരവും 90 കി. ഗ്രം വരെ ഭാരവും ഇവയ്ക്കുണ്ടാകും. പാറക്കെട്ടുകളിലെയും മലഞ്ചെരിവുകളിലെയും പച്ചപ്പുല്ലാണ് ഇഷ്ടാഹാരം. ഇവയുടെ ഗര്‍ഭകാലം 180 ദിവസമാണ്. ഒരു കുഞ്ഞാണ് ഒരു പ്രസവത്തില്‍ പതിവ്. ഇവയുടെ ശരാശരി ആയുസ്സ് മൂന്നരവര്‍ഷമാണ്. ഒമ്പത് വയസ്സുവരെയും ചില വരയാടുകള്‍ ജീവിക്കാറുണ്ട്. മനുഷ്യരോട് ഇണങ്ങുന്ന സ്വഭാവമാണ് ഇവയ്ക്കുള്ളത്. അനുയോജ്യമായ വാസസ്ഥലത്തിന്റെ അപര്യാപ്തത വരയാടുകളുടെ എണ്ണത്തെ ഗണ്യമായി കുറച്ചു. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഐ. യു. സി. എന്‍ 2010 ല്‍ വരയാടുകളെ ഉള്‍പ്പെടുത്തുകയുണ്ടായി.
ബൊവിടെ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇവയുടെ ശാസ്ത്രീയനാമം നീല്‍ഗിരിട്രാജസ് ഹൈലോക്രിയസ് എന്നതാണ്.

സീബ്രകറുപ്പും വെളുപ്പും ഇടകലര്‍ന്ന വരകളുള്ള ഇവയെ വരയന്‍ കുതിര എന്നും അറിയപ്പെടുന്നു. ആകര്‍ഷകമായ വരകള്‍ ശത്രുകളില്‍ നിന്ന...
10/06/2024

സീബ്ര

കറുപ്പും വെളുപ്പും ഇടകലര്‍ന്ന വരകളുള്ള ഇവയെ വരയന്‍ കുതിര എന്നും അറിയപ്പെടുന്നു. ആകര്‍ഷകമായ വരകള്‍ ശത്രുകളില്‍ നിന്നും രക്ഷനേടാന്‍ ഇവയെ സഹായിക്കുന്നു. ആഫ്രിക്കയിലെ സവന്നാ പുല്‍മേടുകളാണ് ഇവയുടെ ജന്മസ്ഥലം. കുതിരകളടങ്ങുന്ന ഇക്വിസ് എന്ന ജനുസ്സില്‍ ഉള്‍പ്പെട്ടവരാണ് സീബ്രകള്‍. മൂന്ന് തരം സീബ്രകളാണ് ഇപ്പോള്‍ ലോകത്താകെ അവശേഷിക്കുന്നത്. പര്‍വതസീബ്ര, ഗ്രേവിയുടെ സീബ്ര, സമതലസീബ്ര എന്നിവയാണ് മൂന്നിനങ്ങള്‍. ഇതില്‍ സമതലസീബ്രയുടെ ഉപവിഭാഗമായിരുന്ന ക്വാംഗാ എന്നയിനം വംശമറ്റുപോയി.
കൂട്ടത്തോടെ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് സീബ്രകള്‍. പൂര്‍ണ്ണമായും സസ്യഭുക്കുകളായ ഇവ ആഹാരം തേടി 40 കിലോമീറ്റര്‍ വരെ സഞ്ചരിക്കാറുണ്ട്. ഒന്നരമീറ്ററോളം ഉയരമുള്ള ഇവയ്ക്ക് 400 കിലോഗ്രാം വരെ ഭാരമുണ്ടാകും. ഗ്രേവിയുടെ സീബ്രയാണ് ഏറ്റവും വലിയ സീബ്രയിനം. പര്‍വ്വതസീബ്രയും, ഗ്രേവിയുടെ സീബ്രയും എണ്ണത്തില്‍ വളരെക്കുറവാണ്.
സീബ്രകളുടെ ഗര്‍ഭകാലം പത്രണ്ട് മാസമാണ്. പ്രസവത്തില്‍ ഒരു കുഞ്ഞാണുണ്ടാവുക. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കാര്യത്തില്‍ പ്രത്യേകം ശ്രദ്ധയുള്ളവരാണ് ഇവര്‍. സമൂഹമായി ജീവിക്കാനിഷ്ടപ്പെടുന്ന ഇവയുടെ സംഘത്തെ നയിക്കുന്നത് കൂട്ടത്തിലെ മുതിര്‍ന്ന പെണ്‍ സീബ്രയാണ്. ആണ്‍ സീബ്രകളെയും പെണ്‍ സീബ്രകളെയും വേര്‍തിരിച്ചറിയുക എളുപ്പമല്ല.

കുയില്‍140 സ്പീഷീസുകളിലായി കണ്ടു വരുന്ന പക്ഷിയാണ് കുയില്‍. ഇടതടവില്ലാതെയുള്ള കുയില്‍ നാദം ആരെയും മോഹിപ്പിക്കുന്ന ഒന്നാണ്...
10/06/2024

കുയില്‍

140 സ്പീഷീസുകളിലായി കണ്ടു വരുന്ന പക്ഷിയാണ് കുയില്‍. ഇടതടവില്ലാതെയുള്ള കുയില്‍ നാദം ആരെയും മോഹിപ്പിക്കുന്ന ഒന്നാണ്. കുയില്‍പ്പാട്ടിന് എതിര്‍പ്പാട്ടു പാടി രസിക്കുന്ന കുട്ടികളെ നാട്ടിന്‍പുറങ്ങളില്‍ കാണുവാന്‍ കഴിയും. നാട്ടുകുയിലിനത്തില്‍ കറുത്തിരുണ്ട നിറത്തിലുള്ളവ ആണ്‍കുയിലും, പുള്ളിയുള്ളവ പെണ്‍കുയിലുമാണ്. ഇണകളെ ആകര്‍ഷിക്കുവാനായി പെണ്‍കുയിലുകളാണ് പാട്ടുപാടുക.
സ്വന്തമായി കൂടൊരുക്കി മുട്ടയിടാത്ത പക്ഷികളാണ് കുയിലുകള്‍. കാക്കമുട്ടയോട് സാമ്യമുള്ളതിനാല്‍ ഇവര്‍ കാക്കക്കൂട്ടില്‍ മുട്ടയിടുന്നു. മുട്ട വിരിഞ്ഞു വരുന്ന കുഞ്ഞിനെ കാക്കയാണ് വളര്‍ത്തുക. തന്റെ കുഞ്ഞല്ല എന്ന് കാക്ക തിരിച്ചറിയുമ്പോള്‍ അവയെ കൊത്തിയോടിക്കുകയാണ് കാക്കകള്‍ ചെയ്യുക.
കേരളത്തില്‍ കണ്ടു വരുന്ന മറ്റ് രണ്ടിനം കുയിലുകളാണ് പേകുയിലും ചക്കയ്ക്കുപ്പുണ്ടോ കുയിലും. നിലാവുള്ള രാത്രികളില്‍ പേകുയില്‍ കരയുന്നത് കേള്‍ക്കാം. ഇവര്‍ കരിയിലക്കിളിയുടെ കൂട്ടിലാണ് മുട്ടയിടുന്നത്.
കുയില്‍ വര്‍ഗത്തില്‍ വച്ച് വലിപ്പമേറിയ ഇനമായ ആണ്‍ നാട്ടുകുയിലിന്റെ ശരീരനീളം 18 ഇഞ്ചോളമാണ്. ദക്ഷിണേന്ത്യക്ക് പുറമെ ചൈന, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും കുയിലുകളെ കണ്ടുവരുന്നു.
പുഴുക്കളും പ്രാണികളുമാണ് ഇവയുടെ ഇഷ്ടാഹാരം. വേനല്‍ക്കാലത്തിന്റെ ആരംഭത്തോടെയാണ് ഇവര്‍ ഇണ ചേരുന്നതും മുട്ടയിടുന്നതും. മുട്ടയിടാനുള്ള കൂട് ആണ്‍ കുയിലുകള്‍ കണ്ടുപിടിക്കുകയാണ് പതിവ്. അതിനുശേഷം മാത്രമെ ഇവ ഇണ ചേരുകയുള്ളു.

ആന ലൊക്‌സോഡോന്റാ ആഫ്രിക്കാനാ, ലൊക്‌സോഡോന്റാ സൈക്ലോട്ടിസ്, എലിഫസ് മാക്‌സിമസ് എന്നീ സ്പീഷിസുകളിലായി കരയിലെ ഏറ്റവും വലിയ ജീ...
10/06/2024

ആന

ലൊക്‌സോഡോന്റാ ആഫ്രിക്കാനാ, ലൊക്‌സോഡോന്റാ സൈക്ലോട്ടിസ്, എലിഫസ് മാക്‌സിമസ് എന്നീ സ്പീഷിസുകളിലായി കരയിലെ ഏറ്റവും വലിയ ജീവിയായ ആന കാണപ്പെടുന്നു. ആഫ്രിക്കന്‍, ഏഷ്യന്‍ ഭൂഖണ്ഡങ്ങളില്‍ മാത്രമാണ് ആനയെ സ്വാഭാവിക പരിസ്ഥിതിയില്‍ കാണാനാവുക. അതനുസരിച്ച് ആഫ്രിക്കന്‍ ആന, ഏഷ്യന്‍ ആന എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു. ഏഷ്യന്‍ ആനകളെ അപേക്ഷിച്ച് ആഫ്രിക്കന്‍ ആനകള്‍ക്കാണ് വലിപ്പക്കൂടുതല്‍. കൊമ്പനാനകള്‍ക്കും പിടിയാനകള്‍ക്കും കൊമ്പുകളുണ്ടാകും എന്നതും ആഫ്രിക്കന്‍ ആനകളുടെ പ്രത്യേകതയാണ്. ആഫ്രിക്കന്‍ ആനകളെത്തന്നെ ആഫ്രിക്കന്‍ ബുഷ് എലിഫന്റ് എന്നും, ആഫ്രിക്കന്‍ ഫോറസ്റ്റ് എലിഫന്റ് എന്നും തരം തിരിച്ചിരിക്കുന്നു. ആറായിരം കിലോഗ്രാം വരെ ഭാരം വയ്ക്കുന്നവയാണ് ആഫ്രിക്കന്‍ സാവന്നാ ആനകള്‍ (ബുഷ് എലിഫന്റ്). കുഞ്ഞന്‍ ആനകളായ ആഫ്രിക്കന്‍ കാട്ടാനകളുടെ (ഫോറസ്റ്റ് എലിഫന്റ്) ഭാരം രണ്ടായിരത്തിയെഴുന്നൂറ് കിലോഗ്രാം വരെയാണ്. ഇവയെ പിഗ്മി ആനകളെന്നും അറിയപ്പെടുന്നു. പ്രധാനമായും നാല് തരത്തിലുള്ള ഏഷ്യന്‍ ആനകളാണുള്ളത്. ശ്രീലങ്കന്‍ ആന, ഇന്ത്യന്‍ ആന, സുമാത്രന്‍ ഏഷ്യന്‍ ആന, ബോര്‍ണിയോ പിഗ്മി ആന എന്നിവയാണ് പ്രധാന ഏഷ്യന്‍ ഇനങ്ങള്‍.
ആനയുടെ മൂക്കും മേല്‍ച്ചുണ്ടും ചേര്‍ന്നതാണ് തുമ്പിക്കൈ. ഉളിപ്പല്ല് കൊമ്പുകളായും രൂപാന്തരപ്പെട്ടിരിക്കുന്നു. 282 അസ്ഥികളാണ് ഇവയുടെ ശരീരത്തിലുള്ളത്. സസ്തനികളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ഗര്‍ഭകാലവും ആനകളുടേതാണ്. 630 ദിവസം വരെയാണ് ഇവയുടെ ഗര്‍ഭകാലം (ഇരുപത്തിയൊന്ന് മാസം മുതല്‍ ഇരുപത്തിരണ്ട് മാസം വരെ). ആനകളുടെ മേല്‍ച്ചുണ്ടാണ് തുമ്പിക്കൈയായി രൂപപ്പെട്ടിരിക്കുന്നത്. ഒരു വശത്തെ കാലുകള്‍ ഒരേ സമയം മുമ്പോട്ട് വച്ചുനടക്കാനുള്ള പ്രത്യേകത മറ്റ് ജീവികളില്‍ നിന്നും ഇവയെ വ്യത്യസ്ഥമാക്കുന്നു. ആനകളുടെ മുന്‍കാലുകളെ നടയെന്നും പിന്‍കാലുകളെ അമരം എന്നുമാണ് അറിയപ്പെടുക. പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരാന ദിവസം 400 കിലോഗ്രാം വരെ ആഹാരവും ശരാശരി 150 ലിറ്റര്‍ വരെ വെള്ളവും അകത്താക്കാറുണ്ട്. ആനക്കൊമ്പിനു വേണ്ടി ഇവയെ നിരന്തരം വേട്ടയാടുക പതിവാണ്. കണ്ണുകള്‍ക്കു താഴെയായി കാണപ്പെടുന്ന മദഗ്രന്ഥി വീര്‍ത്തുവരുമ്പോഴാണ് ഇവയ്ക്ക് മദമിളകുക. നാല് മണിക്കൂര്‍ വരെ ഇവ വിശ്രമത്തിനായി ചിലവഴിക്കുന്നു. ആഫ്രിക്കന്‍ ആനകള്‍ വിശ്രമത്തിനായി കിടക്കുക പതിവില്ല.

ഉപ്പൂപ്പന്‍ആരെയും മോഹിപ്പിക്കുന്ന കിരീടവും അഴകാര്‍ന്ന ശരീരവും ഉപ്പൂപ്പന്റെ പ്രത്യേകതയാണ്. ഇന്ത്യ മുഴുവന്‍ കണ്ടുവരുന്ന ഈ ...
10/06/2024

ഉപ്പൂപ്പന്‍

ആരെയും മോഹിപ്പിക്കുന്ന കിരീടവും അഴകാര്‍ന്ന ശരീരവും ഉപ്പൂപ്പന്റെ പ്രത്യേകതയാണ്. ഇന്ത്യ മുഴുവന്‍ കണ്ടുവരുന്ന ഈ പക്ഷി ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും ധാരാളമായുണ്ട്.
ഇതിന്റെ ദേഹം മുഴുവനും മങ്ങിയ ഓറഞ്ച് നിറവും, ചിറകുകളില്‍ വെളുത്തതും കറുത്തതുമായ വലയങ്ങളും കാണാന്‍ കഴിയും. മുന്നില്‍ നിന്ന് പിന്നിലേക്ക് ഒതുങ്ങി നില്‍ക്കുന്ന തലയിലെ കിരീടം അഗ്രഭാഗത്ത് കറുത്ത നിറത്തോട് കൂടിയ ഓറഞ്ച് നിറത്തില്‍ കാണപ്പെടുന്നു. വലിയ കണ്ണുകളാണ് ഇക്കൂട്ടര്‍ക്കുള്ളത്.
ഉള്ളിലേക്ക് വളഞ്ഞ് നീണ്ട കൊക്കുകളുള്ള ഇവ മണ്ണിരകളെയും പുഴുക്കളെയുമാണ് പ്രധാനമായും ആഹാരമാക്കുന്നത്. ഫെബ്രുവരി മുതല്‍ മെയ് മാസം വരെയാണ് ഇവയുടെ പ്രജനനകാലം. മരപ്പൊത്തുകളാണ് ഇവ കൂടുണ്ടാക്കാനായി തിരഞ്ഞെടുക്കുന്നത്. ആറു വരെ മുട്ടകളാണ് ഒരു തവണയിടുക. ഇക്കാലം കൂട്ടില്‍ കഴിയുന്ന പെണ്‍പക്ഷികള്‍ക്ക് തീറ്റയെത്തിച്ചു കൊടുക്കുന്നത് ആണ്‍പക്ഷികളാണ്.
ഇന്ത്യയില്‍ ഈ പക്ഷിയെ ബര്‍ബര്‍ പെണ്ണ് എന്നും വിളിക്കാറുണ്ട്. ഇവ ഇസ്രായേലിന്റെ ദേശീയ പക്ഷി കൂടിയാണ്.

പശുബോസ് ഇന്‍ഡിക്കസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന പശുവിനെ പാല്‍, നെയ്യ്, തൈര്, ചാണകം, മൂത്രം തുടങ്ങിയ ആവശ്യങ്ങ...
10/06/2024

പശു

ബോസ് ഇന്‍ഡിക്കസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന പശുവിനെ പാല്‍, നെയ്യ്, തൈര്, ചാണകം, മൂത്രം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വളര്‍ത്തിവരുന്നു. പഞ്ചഗവ്യം എന്നറിയപ്പെടുന്ന ഈ വസ്തുക്കള്‍ ആയൂര്‍വേദത്തില്‍ ധാരാളം ഔഷധങ്ങളുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നു. പശുവിന്റെ പാല്‍ സമീകൃതാഹാരമാണ്. ഏറ്റവും കൂടുതല്‍ പശുവിന്‍ പാല്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് അമേരിക്ക. ഇവ നേപ്പാളിന്റെ ദേശീയമൃഗം കൂടിയാണ്.
പ്രായപൂര്‍ത്തിയായ ഒരു പശുവിന്റെ തലച്ചോറിന്റെ ശരാശരി ഭാരം 500 ഗ്രാം ആണ്. കൂടാതെ 32 പല്ലുകളും കാണപ്പെടുന്നു. ഒമ്പത് മാസം വരെയാണ് ഇവയുടെ ഗര്‍ഭകാലം. മനുഷ്യരുടേതിനോട് സമാനമായ ഗര്‍ഭകാലമാണിത്. പ്രധാനപ്പെട്ട പശു ഇനങ്ങളാണ് ഹോളിസ്റ്റയിന്‍, സ്വിസ് ബ്രൗണ്‍, ജഴ്‌സി, വെച്ചൂര്‍, സഹിവാള്‍, സുനന്ദിനി, വൈറ്റ് പാര്‍ക്ക തുടങ്ങിയവ. ഏറ്റവും കൂടുതല്‍ പാല്‍ ഉല്പാദിപ്പിക്കുന്ന ഇനമാണ് ഹോളിസ്റ്റയിന്‍. ആര്യന്മാര്‍ പശുവിനെ ദൈവമായി കരുതി ആരാധിച്ചരുന്നു.
കേരളത്തില്‍ കണ്ടുവരുന്ന പ്രധാനപ്പെട്ടയിനം പശുവാണ് വെച്ചൂര്‍ പശു. സ്വിസ്ബ്രൗണ്‍ – വെച്ചൂര്‍ എന്നീ പശുക്കളുടെ സങ്കരയിനമാണ് ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത സുനന്ദിനി.

വവ്വാല്‍പറക്കാന്‍ കഴിവുള്ള സസ്തനിയാണ് വവ്വാല്‍. മെഗാകൈറോപ്‌ടെറാ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഇവയുടെ പ്രധാന ഭക്ഷണം പഴങ്ങളാണ...
10/06/2024

വവ്വാല്‍

പറക്കാന്‍ കഴിവുള്ള സസ്തനിയാണ് വവ്വാല്‍. മെഗാകൈറോപ്‌ടെറാ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഇവയുടെ പ്രധാന ഭക്ഷണം പഴങ്ങളാണ്. കീടങ്ങളെയും ചെറു പ്രാണികളെയും ചിലയിനങ്ങള്‍ അകത്താക്കാറുണ്ട്. പകല്‍ സമയം കണ്ണുകാണാനാവാത്ത ഇവ രാത്രികാലങ്ങളിലാണ് ഇര തേടുന്നത്. പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കുന്ന ഇവയുടെ ശബ്ദതരംഗങ്ങള്‍ ഇരയിലും വഴിയിലുള്ള തടസ്സങ്ങളിലും തട്ടി തിരിച്ചു വരുന്നു. ഇത്തരത്തില്‍ അള്‍ട്രാസോണിക് ശബ്ദമുപയോഗിച്ചാണ് വവ്വാലുകള്‍ ഇരയെ കണ്ടെത്തുന്നത്. ഇതിനെ എക്കോലൊക്കേഷന്‍ എന്നറിയപ്പെടുന്നു. ആളൊഴിഞ്ഞ പ്രദേശത്തെ വന്‍മരങ്ങളും, ഗുഹകളുമാണ് ഇവയുടെ വാസസ്ഥലം. 1200 ല്‍ പരം വ്യത്യസ്ഥയിനം വവ്വാലുകള്‍ ലോകത്തിലാകെയുണ്ട്.
കഥകളിലും, ചലച്ചിത്രങ്ങളിലും പ്രത്യേകസ്ഥാനമുള്ള ജീവിവര്‍ഗമാണ് ഇവ. അമേരിക്കയില്‍ കണ്ടുവരുന്ന വാമ്പെയര്‍ എന്ന വവ്വാലിനം, സസ്തനികളുടെ രക്തമാണ് ആഹാരമാക്കുന്നത്. അതിനാല്‍ വവ്വാലുകളെ രക്തദാഹികളായി നിരവധി സാഹിത്യസൃഷ്ടികളില്‍ കാണാന്‍ കഴിയും.
വലിയ ചെവികള്‍, തവിട്ട് നിറം, ചര്‍മ്മനിര്‍മ്മിതമായ ചിറകുകള്‍ എന്നിവയാണ് ഇവയുടെ ശാരീരികസവിശേഷത. ദീര്‍ഘദൂരം പറക്കാന്‍ കഴിയുന്ന ഇവയ്ക്ക് മണം പിടിച്ച് മുന്നേറാനുള്ള ശേഷിയും വളരെ കൂടുതലാണ്. 500 ല്‍ പരം സസ്യങ്ങളുടെ പരാഗണത്തിന് വവ്വാലുകള്‍ വഹിക്കുനന് പങ്ക് ചെറുതല്ല. ഇത്തരത്തില്‍ നടക്കുന്ന പരാഗണത്തെ ചിറോപ്റ്ററോഫിലി എന്നറിയപ്പെടുന്നു. ചിറകുകള്‍ക്കിടയില്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നവരാണ് വവ്വാലുകള്‍. സ്വന്തമായി കൂടൊരുക്കാത്ത ഇവ മരങ്ങളില്‍ തലകീഴായി തൂങ്ങിക്കിടക്കുന്നു. പറന്നുപൊങ്ങാനുള്ള എളുപ്പത്തിനാണ് ഇവ മരങ്ങളില്‍ തൂങ്ങിക്കിടക്കുക. പ്രധാനപ്പെട്ട വവ്വാല്‍ ഇനങ്ങളാണ് ടൂംബ് ബാറ്റ്, ബുള്‍ ഡോഗ് ബാറ്റ്, വാമ്പെയറുകള്‍ തുടങ്ങിയവ.

Address

Bangalore

Alerts

Be the first to know and let us send you an email when INspiro posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to INspiro:

Share