04/12/2023
മാലിന്യം തള്ളാനുള്ള ഇടമാണോ നമ്മുടെ കല്ലറ ചന്ത????
ഒരുകാലത്ത് നൂറുകണക്കിന് ആളുകൾ വന്നുപോയിരുന്ന കല്ലറ ചന്ത പേരിനു മാത്രമായി. ചന്ത ദിവസങ്ങളായ തിങ്കളും വ്യാഴവും പോലും ചന്തക്കുള്ളിൽ ആളുകൾ പ്രവേശിക്കുന്നില്ല.
കല്ലറ-പാങ്ങോട് സമരത്തിന്റെ തുടക്കം കല്ലറ ചന്തയിൽ നിന്നാണ്. വർഷങ്ങൾക്ക് മുൻപ് നാണ്യവിളകളാലും മലഞ്ചരക്കുകളാലും സമൃദ്ധമായിരുന്ന കല്ലറ ചന്ത തെക്കൻ കേരളത്തിലെ തന്നെ ഏറ്റവും തിരക്കുള്ള ചന്തകളിലൊന്നായിരുന്നു. കൊച്ചലാപ്പുഴ ചന്ത എന്നാണ് കല്ലറ ചന്തയെ ഒരു കാലത്ത് അറിയപ്പെട്ടിരുന്നത്. തിങ്കളാഴ്ച ചന്ത പിരിഞ്ഞാൽ ബുധനാഴ്ച രാത്രി വരേയും ഇവിടെ നിന്നും നെടുമങ്ങാട്ടേക്കും തിരുവനന്തപുരത്തേക്കും മലഞ്ചരക്കുകൾ വാഹനങ്ങളിൽ കൊണ്ടുപൊയ്ക്കൊണ്ടിരുന്നു. ഇന്ന് വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം സൂക്ഷിക്കുന്ന ഒരിടമായി ചന്ത മാറിയിരിക്കുകയാണ്.
ചന്തക്കു ചുറ്റാകെ പല സ്ഥലങ്ങളിൽ നിന്നും കൊണ്ടുവരുന്ന മാലിന്യം കൂടിക്കിടക്കുകയാണ്.ഇവിടെ നിർമിച്ച അറവുശാല പൂട്ടിയിട്ട് വർഷങ്ങളായി. ഇതുമൂലം പഞ്ചായത്തിലങ്ങോളമിങ്ങോളം അനധികൃത കശാപ്പുകൾ നടക്കുന്നുണ്ട്.
തിങ്കളും വ്യാഴവും നടക്കുന്ന ചന്തകളിൽ നടന്നിരുന്ന മാട്ടുച്ചന്തയും പേരുകേട്ടതായിരുന്നു. തമിഴ് നാട്ടിൽ നിന്നും കാളക്കൂട്ടങ്ങളെയും പോത്തിൻകൂട്ടങ്ങളെയും വിൽപ്പനയ്ക്കായി ഇവിടെ എത്തിച്ചിരുന്നു. ആടു ചന്തയ്ക്കും അഞ്ചൽ കഴിഞ്ഞാൽ പേരു കേട്ടത് കല്ലറ ചന്തയായിരുന്നു. നഗരത്തിലെ ഹോട്ടലുകളിലേക്ക് ഏറ്റവും കൂടുതൽ ആടുകൾ വാങ്ങിപ്പോകുന്നത് കല്ലറ ചന്തയിൽ നിന്നായിരുന്നു. ഇന്നത് കിളിമാനൂരിലേക്കും അഞ്ചലിലേക്കും മാറി. ഒരു നാടിന്റെ പേര് ലോക ശ്രദ്ധയിലേക്കെത്തിച്ച കല്ലറ ചന്തയുടെ ഇന്നത്തെ ദുരവസ്ഥയോട് നാട്ടുകാർക്ക് കടുത്ത പ്രതിഷേധമുണ്ട്.
ആധുനിക രീതിയിൽ ചന്ത നവീകരിക്കുന്നുവെന്ന് പറഞ്ഞിട്ട് രണ്ടു വർഷത്തോളമായി. അധികൃതർ അടിയന്തരമായി ഇടപെട്ട് കല്ലറ ചന്തയിലെ മാലിന്യങ്ങൾ അവിടെ നിന്നും നീക്കം ചെയ്യാനും കച്ചവടക്കാരെ ചന്തയിലേക്ക് എത്തിക്കാനും തയ്യാറായാൽ കല്ലറ ജങ്ഷനിലെ ഗതാഗതക്കുരുക്കിനു ശാശ്വതമായ പരിഹാരം ഉണ്ടാകും.