22/07/2026
അങ്കമാലിയിലെ തിരുട്ട് ഗ്രാമം.....
ഇന്നലെ (21 July 2026) രാവിലെ നടന്ന ഒരു സംഭവം അങ്കമാലിയിലെ നല്ലമനുഷ്യരോട് പങ്കുവെക്കാനാണ് ഈ കുറിപ്പ്. അങ്കമാലിയിൽ നിന്നും 8 കിലോമീറ്റർ മാറി കൊരട്ടി, ചിരങ്ങരയിൽ ആണ് എന്റെ വീട്. രാവിലെ ഏകദേശം 10 മണി കഴിഞ്ഞു. മൂന്നു അപരിചിതരായ ആളുകൾ എന്നെ കാണാൻ എന്റെ വീട്ടിൽ വന്നു. ആദ്യം എന്റെ ഭാര്യയെ കണ്ടപ്പോൾ നമസ്ക്കാരം ചേച്ചി ഞങ്ങളെയൊക്കെ അറിയുമോ എന്ന് ചോദിച്ചു. അറിയുമെന്നോ അറിയില്ല എന്നോ മറുപിടി കൊടുക്കാതെ ഒരു ചിരിയിൽ ഒതുക്കിയപ്പോൾ അതിൽ ഒരാൾ പറഞ്ഞു ഞങ്ങൾ ഈ നാട്ടുകാർ തന്നെയാണ് എന്ന്. ചേട്ടൻ ഇല്ലേ ഇവിടെ എന്ന ചോദ്യം കേട്ട് ഞാൻ പുറത്തേക്കു ചെന്നു. എനിക്കും അപരിചിതർ ആണ് ആ മൂവരും. ഞങ്ങൾ ചേട്ടനെ അന്വേഷിച്ചു വന്നതാണ്. ഞാൻ കാര്യം ആരായുന്നതിനു മുൻപ് തന്നെ അതിൽ ഒരാൾ മറ്റൊരുവനെ ചൂണ്ടി ഇദ്ദേഹം ഒരു രോഗിയാണ് വളരെ അടിയന്തിരമായി ഒരു ഓപ്പറേഷൻ ആവശ്യമാണ് എന്ന് പറഞ്ഞു. വളരെ മുൻപേ ചെയ്യേണ്ട ഓപ്പറേഷൻ ആയിരുന്നു പക്ഷെ സാമ്പത്തിക പരാദീനതകൾ കാരണം അത് ചെയ്യാൻ സാധിച്ചില്ല. രണ്ടു കുട്ടികളും ഭാര്യയുമുണ്ട്. ഒരു ജോലിക്കും പോകാൻ സാധിക്കില്ല. അദ്ദേഹത്തിന്റെ ചികിത്സക്ക് ഒരു സഹായം വേണം. കറുകുറ്റിയിൽ നിന്നും കോക്കുന്ന് പോകുന്ന വഴിയിൽ ആണ് വീട്. അങ്കമാലിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പൂർവാശ്രമം എന്ന് അതിനിടക്ക് അദ്ദേഹം പറഞ്ഞു. അപ്പോൾ ഞാൻ ചോദിച്ചു അങ്കമാലിയിൽ എവിടെ എന്ന്. പടിഞ്ഞാറേ പള്ളിയുടെ സെമിതേരിയുടെ പടിഞ്ഞാറ് എന്ന് മറുപിടി പറഞ്ഞു. എന്റെ കൂട്ടുകാരൻ ഷൈജന്റെ അമ്മവീട് അവിടെയാണ്. എനിക്കറിയാവുന്ന ഒന്നുരണ്ട് ആളുകളുടെ പേര് ഞാൻ പറഞ്ഞു. അവരെ അറിയാമെന്നും എന്റെ വീട്ടുകാർ തന്നെയാണ് അവർ എന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സഹായത്തിന്റെ കാര്യം വീണ്ടും അവർ എന്നെ ഓർമിപ്പിച്ചു. ഞാൻ അംബാനി ഒന്നുമല്ല. എന്നാൽ എനിക്ക് ആകുംവിധം സഹായിക്കുന്നതിൽ സന്തോഷമേയുള്ളൂ. പക്ഷെ എനിക്ക് നിങ്ങളെ ആരെയും മുൻപരിചയമില്ല. ഇതിന് മുൻപ് പലവട്ടം പലരും സഹായത്തിനായി എന്നെ സമീപിക്കുകയും പിന്നീടുള്ള അന്വേഷണത്തിൽ പറ്റിപ്പുസംഘം ആണ് എന്ന് തെളിയുകയും ചെയ്തിട്ടുണ്ട്. ഒരു വർഷം മുൻപാണ് ഒരു ചാലക്കുടിക്കാരനെ ഞാൻ കൈയ്യോടെ പിടികൂടിയത്. അവർ പറഞ്ഞു ശെരിയാണ്. ഒരുപാടുപേർ ആളുകളെ ഇങ്ങനെ പറ്റിച്ചു ജീവിക്കുന്നുണ്ട് എന്ന് കൂടി അവർ ആവർത്തിച്ചു. അതുകൊണ്ട് ഞാൻ കബളിപ്പിക്കപ്പെടാതെ നോക്കേണ്ടത് എന്റെ ആവശ്യമാണ്. ഞാൻ ഒന്ന് അന്വേഷിക്കട്ടെ. എന്നിട്ടാകാം സഹായം. ഞാൻ അവരുടെ ഫോൺ നമ്പർ വാങ്ങി വിളിക്കാമെന്ന് പറഞ്ഞു. ഇപ്പോൾ ഒന്നും തടയില്ല എന്ന് മനസ്സിലാക്കിയ അവർ തിരിച്ചു പോയി. പിന്നീടറിഞ്ഞു ഇതിൽ രണ്ടുപേർ എന്റെ സഹോദരന്റെ വീട്ടിലും ചെന്നിരുന്നു എന്ന്.
രണ്ടാം ഘട്ടത്തിലേക്കു കടക്കാം. ഇന്നലെ ഇതിനു ശേഷം അങ്കമാലിക്കു പോകേണ്ട ആവശ്യം ഉണ്ടായിരുന്നു. ഞാനും മൂത്തമകളും കൂടി അങ്കമാലിക്കു പോയി. ഞങ്ങളുടെ പോയ കാര്യം കഴിഞ്ഞപ്പോൾ ഇവരെ പറ്റി ഒന്ന് അന്വേഷിക്കാം എന്ന് കരുതി പടിഞ്ഞാറേ പള്ളിയുടെ അടുത്തുള്ള ഷൈജന്റെ അമ്മവീട്ടിലേക്കു പോയി. അവരെ എനിക്ക് മുൻപരിചയം ഉള്ള ആളുകളാണ്. പക്ഷെ ആ വീട് അടച്ചിട്ടിരിക്കുന്നു. അവർ വിദേശത്തുള്ള മക്കളുടെ അടുത്ത് പോയിരിക്കുന്നു എന്ന് ഷൈജനെ വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞു. ഷൈജന്റെ മറ്റു ബന്ധുക്കൾ അവിടെ ഉള്ളതായി എനിക്കറിയാം. ഷൈജൻ പറഞ്ഞു ഒരു അഞ്ച് മിനിറ്റ് നീ അവിടെ നിൽക്കു ഞാൻ തിരിച്ചു വിളിക്കാം. കുറച്ചു കഴിഞ്ഞു ഷൈജന്റെ വിളി വന്നു. അവന്റെ ഒരു ബന്ധുവിന്റെ കോൺടാക്ട് തന്നിട്ട് അദ്ദേഹം അവിടെത്തന്നെയുണ്ട് നീ വിളിച്ചോളൂ എന്നും പറഞ്ഞു. തൽക്കാലം നമുക്ക് അദ്ദേഹത്തെ ബാബു ചേട്ടൻ എന്ന് വിളിക്കാം. ഞാൻ ബാബുച്ചേട്ടനെ വിളിച്ചപ്പോൾ അദ്ദേഹം വീട്ടിൽ ഉണ്ടെന്നും അങ്ങോട്ട് വന്നോളൂ എന്നും പറഞ്ഞു. അവിടെ ചെന്നു ഞാൻ അദ്ദേഹത്തെ എന്റെ CCTV വീഡിയോ ഫുടേജ് കാണിച്ചു. വേറെ ഒന്നും ഞാൻ പറയുന്നതിന് മുൻപേ അദ്ദേഹം എന്നോട് ചോദിച്ചു ഇത് സാജിയല്ലെ എന്ന് (പേര് വേറെയാണ്). സാജിയുടെ വീട് ഇവിടെ അടുത്തായിരുന്നു. ഇപ്പോൾ ചെമ്പന്നൂരിൽ ആണ് താമസം. രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞ അദ്ദേഹം പറഞ്ഞു ഇത് ഇവിടെയുള്ള പോലിസ് ---- ന്റെ അനിയൻ ലിനോ ആണെന്ന്. (പേരുകൾ എല്ലാം മാറ്റിയാണ് ഞാൻ എഴുതിയിരിക്കുന്നത് ) കറുകുറ്റിയിൽ ആണ് വീട് എന്ന് പറഞ്ഞത് കളവാണ് എന്ന് മനസിലായി. മാത്രമല്ല അങ്കമാലിയിലെ നല്ല പേരെടുത്ത വള്ളംകളിക്കാർ 🍻🍺🥂🍾 ആണെന്നും മനസിലായി. ബാബുച്ചേട്ടന്റെ സാനിദ്ധ്യത്തിൽ തന്നെ ഞാൻ സാജിയെ വിളിച്ചു സഹായം ചെയ്യാമെന്നും വൈകീട്ട് വീട്ടിലേക്ക് വരണമെന്നും പറഞ്ഞു. വരാമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും ഈ കുറിപ്പ് എഴുതുന്നത്വരെ ആരും വരികയോ എന്നെ ബന്ധപെടാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല.
നെല്ലും പതിരും തിരിച്ചറിയാൻ ഇന്ന് വളരെ പ്രയാസകരം. സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കണമെന്ന ആഗ്രഹം ഉള്ളവരെപോലും പിന്തിരിപ്പിക്കാനെ ഇക്കൂട്ടർ സഹായിക്കു.
അങ്കമാലിക്കാരുടെ പേര് കളയാൻ ശ്രമിക്കുന്ന ഇത്തരം മാലിന്യങ്ങളെ നിങ്ങൾ തന്നെ നേരിടുക. ഈ വിവരം പരമാവധി നല്ലവരായ അങ്കമാലിക്കാരിലേക്ക് എത്തിക്കുക.
അങ്കമാലി എന്റെയും പട്ടണമാണ്.
അങ്കമാലിക്കാരിൽ ഒരുവനായ....
സോജൻ വിതയത്തിൽ
കൊരട്ടി, ചിറങ്ങര.... 🙏